മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഇനി മെത്രാപ്പൊലീത്ത; അധികാര ചിഹ്നങ്ങള്‍ കൈമാറി മാര്‍ റഫേല്‍ തട്ടില്‍

ആലപ്പുഴ: നിയുക്ത കര്‍ദ്ദിനാള്‍ മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് മെത്രാപ്പോലീത്ത ആയി അഭിഷിക്തനായി. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ അതിരൂപത മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഡിസംബര്‍ 8 വത്തിക്കാനില്‍ നടക്കുന്ന ചടങ്ങില്‍ ജോര്‍ജ് കൂവക്കാട് കര്‍ദ്ദിനാളായി ചുമതലയേല്‍ക്കും.

മോണ്‍സിഞ്ഞോര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട് ഇനി മെത്രാപ്പൊലീത്ത. മെത്രാന്‍മാരും വൈദികരും ചേര്‍ന്നാണ് ജോര്‍ജ് കൂവക്കാടിനെ പള്ളിയിലേക്ക് ആനയിച്ചത്. റോമില്‍ നിന്നുള്ള നിയമന പത്രിക വായിച്ചതോടെ ചടങ്ങുകള്‍ക്ക് തുടക്കമായി. മെത്രാപ്പോലീത്തയുടെ ചുമലില്‍ വച്ച വിശുദ്ധഗ്രന്ഥം വായിച്ച് തലയില്‍ കൈകള്‍ വച്ച് പ്രാര്‍ത്ഥിച്ച മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അംശവടിയും കിരീടവും കൈമാറി.

ചങ്ങനാശ്ശേരി അതിരൂപത മെത്രാന്‍ തോമസ് തറയില്‍, വത്തിക്കാനില്‍ നിന്നുള്ള പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സഹകാര്‍മികരായി. രണ്ടായിരത്തിലധികം വിശ്വാസികള്‍ പങ്കെടുത്തു. മെത്രാന്മാരാണ് കത്തോലിക്കാ സഭയില്‍ കര്‍ദിനാള്‍മാരായി ഉയര്‍ത്തപ്പെടുക. ജോര്‍ജ് കൂവക്കാടിനെ വൈദിക പദവിയില്‍ നിന്ന് നേരിട്ട് കര്‍ദിനാളായി നിയമിക്കുകയായിരുന്നു. ഇന്ത്യയില്‍ നിന്നും നേരിട്ട് കര്‍ദിനാള്‍ പദവിയിലെത്തുന്ന ആദ്യ വൈദികന്‍ കൂടിയാണ് ജോര്‍ജ് കൂവക്കാട്.