എന്റെ ഓര്‍മ്മയിലെ എം.ടി.വാസുദേവന്‍ നായര്‍
കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)
ലോകമെങ്ങും ക്രിസ്മസ് രാവ് പുഞ്ചരിതൂകി മഞ്ഞു് പെയ്തുകൊണ്ടിരിക്കുമ്പോഴാണ് നിലാവുള്ള ആകാശത്തിന് കീഴില്‍ മലയാളി മനസ്സ് വിളറിവെളുത്തത്. കലാ സാഹിത്യത്തില്‍ ശോഭയാര്‍ജ്ജിച്ചു് നിന്ന, ലോക ക്ലാസിക്ക് കൃതികള്‍ തന്ന എം.ടി സ്വതന്ത്രനായി അനന്തതയി ലേക്ക് മടങ്ങിയിരിക്കുന്നു. മധുരമുള്ള വാക്ക് മനസ്സ് കവരുംപോലെ എം.ടി യുടെ കലാസാഹിത്യ സംഭാവനകള്‍ മലയാളത്തിന് വിവിധ രുചിക്കൂട്ടുള്ള മധുരപലഹാരങ്ങളാണ്. അദ്ദേഹം വിടവാ ങ്ങിയപ്പോള്‍ അതിന് ഇരട്ടിമധുരമായി മാറിയിരിക്കുന്നു. മലയാള കലാ സാഹിത്യത്തില്‍ ജ്വലിച്ചു നിന്ന കഥാകാരന്‍ സസ്യശ്യാമളമായ കുടമല്ലൂര്‍ ഗ്രാമവും അവിടുത്തെ പൈതൃക സംസ്‌കാ രവും നിളാനദിയും മാത്രമല്ല മലയാളിക്ക് സമ്മാനിച്ചത് അതിലുപരി സമൂഹത്തിന്റെ ഗതിവിഗതി കളെ, തൊട്ടാല്‍ പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ ശക്തമായ ധാര്‍മ്മിക മനഃസാക്ഷിയോടെ മധുര ത്തില്‍ ഉത്തമം വായ് മധുരമായി, ദൃശ്യ വിസ്മയങ്ങളായി മലയാളിക്ക് വിളമ്പി തന്നു. നമ്മുടെ മനസ്സ് വേട്ടക്കാരന്റെതെന്ന് അദ്ദേഹം ‘ഇഴപിരിച്ചു പറഞ്ഞു. സമൂഹത്തില്‍ നടക്കുന്ന കാപട്ട്യ കള്ളനാണയങ്ങളെ തുറന്നു കാട്ടി.എം.ടി യുടെ നാലുകെട്ട് എന്ന നോവലില്‍പോലും ഇത് പൊളിച്ചുമാറ്റി കാറ്റും വെളിച്ചവും കടക്കുന്ന വീടാക്കണമെന്ന് പറയുന്നത് പുതിയ കാലത്തിന്റെ കാലൊച്ചകളാണ്. ഇന്നുള്ള ചില സര്‍ഗ്ഗ സാംസ്‌കാരിക -രാഷ്ട്രിയക്കാരെപോലെ മനസ്സിലൊന്ന് പുറത്തൊന്ന് എം.ടി യില്‍ കണ്ടിരുന്നില്ല.മണ്മറഞ്ഞുപോയ പ്രതിഭാശാലികളായ സര്‍ഗ്ഗപ്രതിഭക ളെല്ലാം ഇങ്ങനെ സാമൂഹ്യ സാംസ്‌കാരിക മേഖലകളില്‍ മുന്നേറ്റം നടത്തിയവരാണ്. ഇങ്ങനെ നാലുകെട്ടുകളുടെ തച്ചുശാസ്ത്രത്തെ പൊളിച്ചടുക്കാന്‍ സര്‍ഗ്ഗ പ്രതിഭ കളുണ്ടാകുമോ?
അരനൂറ്റാണ്ടുകാലമായി കലാ സാഹിത്യ മേഖലകളില്‍ കാവ്യസുന്ദരമായി കഥപറയുന്ന, അനുഭൂതിയുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുന്ന, ചെറുപ്പം മുതല്‍ വളരെ ആഴത്തില്‍ വായി ക്കുന്ന എം.ടി എന്ന മഹാ പ്രതിഭയെപ്പറ്റി നമ്മള്‍ പഠിച്ചത് എന്താണ്? വിവിധ അക്ഷരങ്ങള്‍ പെറു ക്കിക്കൂട്ടി കവിതയെഴുതി അതിന്റെ അര്‍ഥം നവംനവങ്ങളായി നല്കുന്നതോ? സദാസമയവും സുഖവും സന്തോഷവും അനുഭവിക്കുന്നതോ? ഒരു മനുഷ്യന്റെ തലച്ചോറില്‍ ജന്മമെടുക്കുന്ന താണ് പ്രതിഭ. അവരെ ബുദ്ധിജീവികള്‍, സരസ്വതി കടാക്ഷം, വരദാനം എന്നൊക്ക പറയാറുണ്ട്. ഒരു പ്രതിഭ മണ്ണിലെ സൃഷ്ടികര്‍ത്താവാണ്. അവരില്ലാത്ത ലോകം ഇരുണ്ടതാണ്. ഇരുളില്‍ പ്രകാശം കൊടുക്കുന്ന പ്രതിഭാനം ചെയ്യുന്നവരാണ് പ്രതിഭകള്‍. വികസിത രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ആദരവ് ഏറ്റുവാങ്ങുന്നത് ഈ പ്രതിഭകളാണ്. അത് സന്ധ്യാകാശത്തിന്റെ ചാരുതപോലെ ഭാഷ-അക്ഷരം മുത്തുമാലകളായി ഇവരില്‍ തിളങ്ങുന്നതുകൊണ്ടാണ്. ആ തിളക്കം അല്ലെങ്കില്‍ ശോഭ എം.ടി യിലെ വായനക്കാരന്‍, സിനിമ കണ്ടവര്‍ തിരിച്ചറിഞ്ഞു. അദ്ദേ ഹത്തിന്റെ പുരോഗമനോമുഖം തിരിച്ചറിയാന്‍ കലാകൗമുദിയില്‍ വന്ന ഇതിഹാസ നോവലായ രണ്ടാമൂഴം വായിച്ചാല്‍ മതി. യുദ്ധക്കൊതിയന്മാരായ ഭരണകര്‍ത്താക്കളും നോവലില്‍ നിഴലി ക്കുന്നു. പള്ളിവാളും കാല്‍ച്ചിലമ്പും, അസുരവിത്തു്, മഞ്ഞു് തുടങ്ങിയ കൃതികളും നിര്‍മ്മാല്യം, കടവ്, ബന്ധനം, ഒരു ചെറുപുഞ്ചിരി, വാരിക്കുഴി, ഒരു വടക്കന്‍ വീരഗാഥ തുടങ്ങിയ സിനിമകളും ചതിയനല്ലാത്ത ചന്തു, ഭ്രാന്തന്‍ വേലായുധന്‍, ഭീമന്‍ തുടങ്ങിയ ജീവനുള്ള കഥാപാത്രങ്ങളെല്ലാം എം.ടി യെ അനശ്വരനാക്കുന്നു.
എം.ടി കാലത്തിന് മുന്നേ സഞ്ചരിച്ച മലയാള കലാ സാഹിത്യത്തിലെ മാന്ത്രിക പ്രതിഭ യാണ്. എം.ടിക്ക് ഒരു രാഷ്ട്രീയ പക്ഷമില്ല മറിച്ചു് മനുഷ്യപക്ഷത്തായിരുന്നു. നമ്മുടെ സാഹിത്യ പ്രതിഭകള്‍ ഏതൊക്കെ പക്ഷക്കാരാണ്? ധാരാളം ദേവി ദേവന്മാരെ ആരാധിക്കുന്ന നാട്ടില്‍ നിര്‍മ്മാല്യം പോലൊരു സിനിമ എം.ടിയുടെ തലച്ചോറില്‍ പിറന്നത് മലയാളിക്കെന്നും അഭിമാ നിക്കാം. സവര്‍ണ്ണ ദേവന്മാരായ ശിവനും വിഷ്ണുവുമൊക്കെ ജീവിക്കുന്ന നാട്ടില്‍ സവര്‍ണ്ണനായ ഒരു സാഹിത്യ കാരന്‍ ദേവിക്ക് മുന്നില്‍ ചിലമ്പണിഞ്ഞാടിയ വെളിച്ചപ്പാടിനെക്കൊണ്ട് ദേവി വിഗ്രഹത്തിന് നേര്‍ക്ക് ഒരു കവിള്‍ ചോര തുപ്പിക്കുക, സ്വയം വെട്ടി മരിക്കുക ഭയനാകമായ കാഴ്ച യാണ്. ഇതെല്ലം മനുഷ്യനിര്‍മ്മിതിയെന്ന് എം.ടിക്ക് അറിയാമെങ്കിലും ഈ ആധുനിക യുഗത്തില്‍ ഇങ്ങനെയൊരു ചിത്രം കേരളത്തിലെടുക്കാന്‍ ഏതെങ്കിലും ചലച്ചിത്രകാരന്‍ തയ്യാറാകുമോ? ഇത് കണ്ട് വിറളിപിടിക്കുന്ന അന്ധവിശ്വാസികള്‍ അടങ്ങിയിരിക്കുമോ? എഴുത്തുവേണോ കഴു ത്തുവേണോയെന്ന് ചോദിക്കില്ലേ? വികസന പുരോഗമനം പ്രസംഗിക്കുന്ന ഭരണകര്‍ത്താക്കള്‍ ആര്‍ക്കൊപ്പമായിരിക്കും? ഈ സിനിമ എം.ടി എടുക്കുന്നത് 1973-ലാണ്. നമ്മള്‍ 2024-ല്‍ എത്തി നില്‍ക്കുമ്പോള്‍ എന്താണ് നമ്മുടെ സാംസ്‌കാരിക പുരോഗതി?
ജീവിതകാലം മുഴുവന്‍ ദേവിക്കായി സേവനം ചെയ്ത വെളിച്ചപ്പാടിന്റെ വീട്ടിലെ പട്ടിണി, ദാരിദ്ര്യം മാറ്റാന്‍ സ്വന്തം ഭാര്യ ശരീരം മറ്റുള്ളവര്‍ക്കായി പങ്കുവച്ചപ്പോള്‍ കലിയിളകിയ വെളി ച്ചപ്പാട് അനന്ത ദുഃഖഭാരത്തോടെ ചോദിക്കുന്ന ചോദ്യമാണ് ‘നിന്നെ സേവിച്ചതിന്റെ കൂലി യാണോ’ എനിക്ക് കിട്ടിയത്? മല കുലിങ്ങിയാലും മനം കുലുങ്ങരുത് അതാണ് ചിലരുടെ മതപ ഠനം അല്ലെങ്കില്‍ വിശ്വാസങ്ങള്‍. ഇങ്ങനെ വിഗ്രഹാരാധനകളില്‍ കോടാനുകോടി അന്ധവിശ്വാ സികള്‍ ഇന്ത്യയില്‍ ജീവിക്കുന്നു. എം.ടി കാലയവനികക്കുള്ളില്‍ മറഞ്ഞുവെങ്കിലും അദ്ദേഹം മുന്നോട്ടു് വെച്ച ആശയങ്ങള്‍ ആമാശ പോരാട്ടമായി മാറ്റാതെ കൃതജ്ഞതയോടെ സാമൂഹ്യ സാംസ്‌കാരിക മുന്നേറ്റമാണ് നടത്തേണ്ടത്. സമൂഹത്തില്‍ കാണുന്ന സാമൂഹ്യ ജീര്‍ണ്ണതകളെ തുറന്നുകാട്ടാന്‍ ചങ്കൂറ്റമുള്ള ഭരണകര്‍ത്താക്കള്‍, കലാ സാഹിത്യ പ്രതിഭകളുണ്ടാകുമോ?
പലപ്പോഴും എം.ടി.യെപ്പറ്റി പറയുന്നത് അദ്ദേഹം മൗനിയാണ്. അധികം സംസാരിക്കാറില്ല .ചിരിക്കാറില്ല, ഒറ്റക്ക് നടക്കാന്‍, ഇരിക്കാന്‍ ഇഷ്ടപ്പെടുന്നു.പെട്ടെന്ന് കയര്‍ക്കുന്നു. അങ്ങനെയുള്ള വരാണ് എഴുത്തുകാരില്‍ എഴുത്തുകാരാകുന്നത്. ഫ്രഞ്ച്, റഷ്യന്‍ തുടങ്ങി പല രാജ്യങ്ങളില്‍ സാമ്പ്രാജ്യത്വ ശക്തികളെ, രാജവാഴ്ചകളെ സഹനങ്ങളിലൂടെ (ജയില്‍ വാസം, നാടുകടത്തല്‍, പുസ്തകം കത്തിക്കല്‍) തകര്‍ത്തവരെയാണ് മഹാ പ്രതിഭകള്‍ എന്നറിയപ്പെടുന്നത്. അല്ലാതെ അധികാരികളുടെ അപ്പക്കഷ്ണങ്ങള്‍ വാങ്ങി വാഴ്ത്തുന്നവരെയല്ല. സമൂഹത്തില്‍ കാണുന്ന ഏത് തിന്മകളും, അന്യായങ്ങളും അവര്‍ക്ക് നീറുന്ന വിഷയങ്ങളാണ്. എം.ടി സാറാ ജോസഫിനൊപ്പം മുത്തങ്ങ സമരമുഖത്തെതിയത് അതൊരു സാമൂഹ്യ ദുരന്തമായി കണ്ടതുകൊണ്ടാണ്. മുത്തങ്ങ വിഷയത്തില്‍ കൊല്ലം സങ്കീര്‍ത്തനം ബുക്ക്സ് ഒരുക്കിയ മീറ്റിംഗില്‍ ഞാനും കാക്കനാടനൊപ്പം പോയത് ഈ അവസരമോര്‍ക്കുന്നു. ലോക സാഹിത്യ രംഗത്തെ മഹാപ്രതിഭകള്‍ സാമൂഹിക വ്യവസ്ഥിതികളെ ഉഴുതുമറിച്ചവരാണ്. അവര്‍ സത്യത്തിന്റെ, ധാര്‍മ്മികതയുടെ പക്ഷത്തു് നില്‍ ക്കുന്നവരാണ്. അല്ലാതെ അധികാരികളുടെ പക്ഷത്തു നിന്ന് ആദരവ്, ആനുകൂല്യങ്ങള്‍ ഏറ്റു വാങ്ങുന്നവരല്ല. ഈ മൗന ദുഃഖ ഏകാന്ത പോരാട്ടത്തില്‍ ആധുനികതയുടെ ദര്‍ശനമാണ് എം.ടി നടത്തിയത്. അദ്ദേഹത്തിന്റെ ഏത് സൃഷ്ടിയെടുത്താലും മനുഷ്യ ജീവിതത്തിന്റെ ആഴങ്ങളില്‍ ആത്മാവ് നിറഞ്ഞ ചിറകുള്ള പക്ഷികളായി പറന്നുയരുന്നു. ഇതിനിടയില്‍ നിരാശ, ദുഃഖം, പ്രതി ഷേധം ഉള്ളിലൊതുക്കി മൗനികളായി കഴിയുന്ന അധികാര സിംഹാസനങ്ങളുടെ അധീശത്വ ത്തിന് വഴങ്ങാത്ത ധാരാളം സര്‍ഗ്ഗ പ്രതിഭകള്‍/എഴുത്തുകാര്‍ ഭാരതത്തിലും കേരളത്തിലുമുണ്ട്.
എം.ടിയും മറ്റ് കുറെ എഴുത്തുകാര്‍ നേരിട്ടതുപോലെ പല വിവാദങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. മനോരമ നടത്തിയ ടിവി അഭിമുഖത്തില്‍ ജപ്പാന്‍ കുടിവെള്ളത്തിന്റെ പ്രധാന്യ ത്തെപറ്റി പറഞ്ഞത്. സ്വന്തമായി വെള്ളമുണ്ടാക്കാനറിയില്ല. അവിടുത്തെ യന്ത്രങ്ങള്‍ ഇവിടെ ഇറക്കുമതി ചെയ്യാനാണ് ഭരണകൂട താല്പര്യങ്ങള്‍. അത് പറഞ്ഞപ്പോള്‍ എന്റെ നെഞ്ചത്ത് കയറാന്‍ വന്നു. അധികാരത്തില്‍ വരുന്നവരുടെ അധികാരഗര്‍വ്വിനെപ്പറ്റിയും, സോഷ്യല്‍ മീഡിയ്ക്ക് സമയം കളയാറില്ല, എനിക്ക് വേണ്ടി ഞാന്‍ എഴുതുന്നു, വാണിജ്യ സംസ്‌കാരത്തില്‍ നിന്ന് മാറണം തുടങ്ങിയ നിലപാടുകളും, തന്റെ ജഡം പൊതുദര്‍ശനത്തിന് വെക്കരുതെന്ന നിര്‍ദ്ദേശത്തിലൂടെ ഒരു സാമുഹിക നവോദ്ധാനം അദ്ദേഹം ആഗ്രഹിക്കുന്നുവെന്നാണ് മനസ്സി ലാക്കുന്നത്. സര്‍ക്കാര്‍ നല്‍കിയ വിശുദ്ധ വെടിവഴിപാട് അദ്ദേഹത്തിന്റെ അറിവോടെയാണോ എന്നറിയില്ല. എന്തിനാണ് ഒരു ജഡശരീരം വെച്ച് വാഴ്ത്തുപാട്ടുകള്‍, വിലാപയാത്രകള്‍ നടത്തു ന്നത്? മദ്യലഹരിയില്‍ നടക്കുന്ന ആഘോഷങ്ങള്‍, വിവാഹധൂര്‍ത്തുപോലെ മരണാനന്തര ധൂര്‍ത്തു് എന്തിനാണ്?
മാതൃഭൂമിയില്‍ ഒരു സാഹിത്യ സാംസ്‌കാരിക സെമിനാര്‍ കെ.പി.കേശവമേനോന്റെ നേതൃത്വത്തില്‍ നടക്കുന്ന കാലത്താണ് മാതൃഭൂമി വാരികയുടെ പത്രാധിപരായിരുന്ന എം.ടി യെ കണ്ടത്. എന്റെ ഹൈസ്‌കൂള്‍ പഠനകാലം 1973-74 കളില്‍ മനോരമയുടെ നേതൃത്വത്തില്‍ കേരള യുവസാഹിത്യ സഖ്യം (ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ യുവജനങ്ങള്‍) എല്ലാം മാസവും സാഹിത്യ ശില്പശാലകള്‍ മനോരമയിലോ ഏതെങ്കിലും കോളേജിലോ നടത്തുമായിരിന്നു. കോട്ട യത്തു് മനോരമയില്‍ ഒരു ശില്പശാലയില്‍ ഒരിക്കല്‍ മുഖ്യ പ്രഭാഷകനായി വന്നത് കെ.പി.ആണ്. അന്ന് മുതല്‍ വല്ലപ്പോള്‍ കത്തിലൂടെയുള്ള ഒരു ബന്ധം 1978 അദ്ദേഹത്തിന്റെ മരണംവരെ എനിക്കുണ്ടായിരുന്നു. സെമിനാറില്‍ പങ്കെടുക്കാനും കോഴിക്കോട് കടല്‍പ്പുറത്തിരുന്ന് കുളി രിളം കാറ്റ് കൊള്ളാനും അവസരം ലഭിച്ചു. എം.ടിയെ സമീപിച്ചത് ഒരു മിനിക്കഥ കൊടുക്കാ നാണ്. കോഴിക്കോട്ട് പോകുന്നതുകൊണ്ട് തട്ടിക്കൂട്ടിയുണ്ടാക്കിയതാണ്. ഒരു കഥയുടെ തെളി മയോ അര്‍ത്ഥമോ ആസ്വാദനമോ ഇല്ലെന്ന് എനിക്കറിയാമായിരിന്നു. അദ്ദേഹമിരുന്ന മുറിയുടെ മുന്നില്‍ ചെന്നു. മുറിയുടെ വാതിലിന് കതക് ഇല്ല. ജനാലപോലെ ഇടയ്ക്ക് രണ്ട് പാളികള്‍. അതില്‍ തട്ടി. ഒരനക്കവുമില്ല. ആളില്ലെന്ന് തോന്നി. മടങ്ങാന്‍ തുടങ്ങിയപ്പോള്‍ അടിയിലൂടെ യൊന്ന് കുനിഞ്ഞു നോക്കി. എന്തോ ഗൗരവത്തില്‍ എഴുതുന്നു. ഒരാള്‍ വന്ന് അതില്‍ മുട്ടി അക ത്തേക്ക് പോയിട്ട് പെട്ടെന്ന് മടങ്ങിപ്പോയി. ഞാനും അങ്ങനെ അകത്തേക്ക് ചെന്നു. ഒരു ചെറു കഥ തരാനാണ് സാര്‍ വന്നത്. തല ഉയര്‍ത്തി നോക്കാതെ ഗൗരവത്തോടെ കൈചൂണ്ടി മേശപ്പു റത്തു് വെക്കാന്‍ പറഞ്ഞു. അനുസരണയുള്ള കുട്ടിയെപ്പോലെ ഒരക്ഷരം ചോദിക്കാത്തതിലുള്ള അമര്‍ഷവുമായി ഞാന്‍ മടങ്ങി. മനസ്സ് നിറയെ ഇയാള്‍ ഇത്ര പരുക്കാനോ, എന്തൊരു തലക്കനം എന്നൊക്കെ തോന്നി. രണ്ടാം മാസം എന്റെ മിനിക്കഥ മൂടല്‍ മഞ്ഞു് മാതൃഭൂമി മാസികയില്‍ കണ്ട പ്പോള്‍ എം.ടി കര്‍ക്കശക്കാരന്‍, പരുക്കന്‍ അല്ല നിര്‍മ്മല ഹൃദയത്തിനുടമയെന്ന് മനസ്സിലാക്കി. പിന്നീട് പലരില്‍ നിന്നും കേട്ടത് ആളത്ര ക്രൂരനല്ലെന്നാണ്. ഇന്നും എന്റെ ഓര്‍മ്മയിലുള്ളത് മുഖമുയര്‍ത്തി നോക്കാത്ത കുനിഞ്ഞിരുന്നെഴുതുന്ന നുണ എഴുതാത്ത എം.ടി യാണ്.