ലോകം ഉറ്റുനോക്കുന്ന മോദി-ട്രംപ് കൂടിക്കാഴ്ച

വാഷിംഗ്ടണ്‍ ഡി.സി: ഫ്രാന്‍സ് സന്ദര്‍ശനം കഴിഞ്ഞ് ഇന്ന് വാഷിംഗ്ടണ്‍ ഡി.സിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, ടെക് ഭീമന്‍ എലോണ്‍ മസ്‌ക്, ഇന്ത്യന്‍-അമേരിക്കന്‍ സംരംഭകനും രാഷ്ട്രീയക്കാരനുമായ വിവേക് രാമസ്വാമി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വെള്ളിയാഴ്ച പുലര്‍ച്ചെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ പ്രധാന അംഗങ്ങളുമായും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടക്കും. ഇതിന് പിന്നാലെ ഉഭയകക്ഷി ചര്‍ച്ചകളും സംയുക്ത പത്രസമ്മേളനവും അത്താഴ വിരുന്നും ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ താരിഫുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമെന്ന് ഉറപ്പുവരുത്തുന്ന തരത്തിലാണ് ട്രംപിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്. ‘മൂന്ന് മികച്ച ആഴ്ചകള്‍, ഒരുപക്ഷേ എക്കാലത്തെയും മികച്ചതായിരിക്കാം. പക്ഷേ ഇന്നാണ് ഏറ്റവും വലിയ ദിവസം: പരസ്പര താരിഫുകള്‍! അമേരിക്കയെ വീണ്ടും മികച്ചതാക്കൂ!’ എന്നായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇതോടെ, നികുതി വിഷയത്തില്‍ വന്‍ പ്രഖ്യാപനങ്ങള്‍ക്കുള്ള സാധ്യത ഉയര്‍ന്നിരിക്കുകയാണ്.

ഇന്ത്യയ്ക്കെതിരായ യുഎസ് പ്രസിഡന്റിന്റെ തീരുവ ഭീഷണികളുടെയും അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ വിലങ്ങ് വച്ചു നാടുകടത്തുന്നതിന്റെയും പശ്ചാത്തലത്തിലാണ് ഈ കൂടിക്കാഴ്ച. അതിനാല്‍, ലോകം അതീവ ആകാംക്ഷയോടെയാണ് മോദി-ട്രംപ് കൂടിക്കാഴ്ച ഉറ്റുനോക്കുന്നത്.