മോദി-ട്രംപ് കൂടിക്കാഴ്ച: ഇന്ത്യയ്ക്ക് എഫ്-35 ഉള്‍പ്പെടെയുള്ള വിമാനങ്ങള്‍ കൈമാറുമെന്ന് അമേരിക്ക
ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരസ്പര തീരുവകള്‍ വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയില്‍ വ്യാപാരം, പ്രതിരോധം, കുടിയേറ്റം തുടങ്ങിയ വിഷയങ്ങള്‍ മുന്‍തൂക്കമായി. ട്രംപ് പ്രസിഡന്റായി അധികാരമേറ്റ് ആദ്യ മാസത്തിനുള്ളില്‍ നടന്ന കൂടിക്കാഴ്ചയില്‍ 26/11 മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നതിനും എഫ്-35 ജെറ്റ് കരാറിനും പ്രധാന നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായി.
2030 ആകുമ്പോഴേക്കും ഇന്ത്യയും യുഎസും 500 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാര ലക്ഷ്യം നിശ്ചയിച്ചിട്ടുണ്ടെന്നും വ്യാപാരക്കമ്മി കുറയ്ക്കുന്നതിനായി ഇന്ത്യ കൂടുതല്‍ യുഎസ് എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുമെന്നും സംയുക്ത പത്രസമ്മേളനത്തില്‍ പ്രധാനമന്ത്രി മോദി വ്യക്തമാക്കി. മോട്ടോര്‍ സൈക്കിളുകള്‍, ലോഹങ്ങള്‍, സാങ്കേതിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ യുഎസ് ഉല്‍പ്പന്നങ്ങളുടെ തീരുവ കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ സമീപകാല തീരുമാനങ്ങളെ ട്രംപ് സ്വാഗതം ചെയ്തു.
26/11 ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുന്നത് ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായിരുന്നു. ‘ഭീകരര്‍ക്ക് പ്രധാനിയായ തഹാവൂര്‍ റാണയെ ഇന്ത്യയില്‍ വിചാരണ നേരിടുന്നതിനായി കൈമാറാന്‍ യുഎസ് ഭരണകൂടം അംഗീകാരം നല്‍കി,’ ട്രംപ് പറഞ്ഞു.
പ്രതിരോധ ബന്ധത്തിന് ഉജ്ജീവനമായി അഞ്ചാം തലമുറ എഫ്-35 സ്റ്റെല്‍ത്ത് ജെറ്റുകള്‍ ഇന്ത്യക്ക് നല്‍കുമെന്ന പ്രഖ്യാപനവും ട്രംപ് നടത്തി. റഷ്യ-ഉക്രെയിന്‍ യുദ്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, പ്രശ്‌നപരിഹാരത്തിനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിച്ച പ്രധാനമന്ത്രി മോദി, ‘ഇന്ത്യ സമാധാനത്തിനൊപ്പം നില്‍ക്കുന്നു’ എന്ന് വ്യക്തമാക്കി. ‘ലോകം ഇന്ത്യയെ നിഷ്പക്ഷമെന്ന് കരുതുന്നു, പക്ഷേ ഇന്ത്യ നിഷ്പക്ഷമല്ല. ഇന്ത്യക്ക് നിലപാടുണ്ട്, അതാണ് സമാധാനം,’ മോദി പറഞ്ഞു.
അമേരിക്ക അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ‘അമേരിക്കയില്‍ നിയമവിരുദ്ധമായി താമസിക്കുന്ന, ‘സ്ഥിരീകരിക്കപ്പെട്ട’ പൗരന്മാരെ തിരിച്ചെടുക്കാന്‍ ഇന്ത്യ പൂര്‍ണമായും തയ്യാറാണ്’ എന്ന് പ്രധാനമന്ത്രി മോദി വ്യക്തമാക്കി. പ്രതിരോധം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സെമികണ്ടക്ടറുകള്‍, ഊര്‍ജ്ജം, ബഹിരാകാശം എന്നീ മേഖലകളില്‍ നവാഗത ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍, അക്കാദമിക മേഖലയിലെയും സ്വകാര്യ മേഖലയിലെയും സഹകരണത്തോടെ ‘ട്രസ്റ്റ്’ സംരംഭത്തിന് തുടക്കം കുറിക്കുമെന്ന് ഇരുവരും പ്രഖ്യാപിച്ചു.
നികുതി ഇളവില്ല
യുഎസ് ഇറക്കുമതി തീരുവ ചുമത്തുന്ന രാജ്യങ്ങള്‍ക്ക്, അതേ നികുതി യുഎസ് തിരിച്ചും ചുമത്തുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തില്‍ ഇളവ് നല്‍കാന്‍ തയാറല്ല. ‘വ്യാപാര കാര്യങ്ങളില്‍, ചില സഖ്യരാജ്യങ്ങള്‍ പോലും ശത്രു രാജ്യങ്ങളെക്കാള്‍ മോശമാണ്,’ ട്രംപ് അഭിപ്രായപ്പെട്ടു.
വൈറ്റ് ഹൗസില്‍ വച്ച് നടന്ന കൂടിക്കാഴ്ചയില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പ്രധാനമന്ത്രി മോദിക്കൊപ്പമുണ്ടായിരുന്നു. ഡൊണാള്‍ഡ് ട്രംപ് വീണ്ടും യുഎസ് പ്രസിഡന്റായി അധികാരമേറ്റ് ശേഷം, ഇരുവരും തമ്മില്‍ നടന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്.