സുരേഷ് കുമാറിന് പൂര്‍ണ്ണ പിന്തുണ; ആന്റണിയെ തള്ളി നിര്‍മ്മാതാക്കളുടെ സംഘടന
സിനിമാ സംഘടനകളുടെ തര്‍ക്കത്തില്‍ ആന്റണി പെരുമ്പാവൂരിനെ തള്ളി നിര്‍മാതാക്കളുടെ സംഘടന. ജി സുരേഷ് കുമാറിന് പൂര്‍ണ പിന്തുണ നല്‍കുന്നതായും, അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ സംഘടനയുടെ തീരുമാനപ്രകാരം ആയിരുന്നുവെന്നും സംഘടന അറിയിച്ചു. യോഗത്തിന് ആന്റണി പെരുമ്പാവൂര്‍ ക്ഷണിക്കപ്പെട്ടിട്ടും പങ്കെടുക്കാതെ, പരസ്യ നിലപാട് സ്വീകരിച്ചത് അനുചിതമാണെന്ന് നിര്‍മാതാക്കളുടെ സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണരൂപം
‘മലയാള സിനിമാവ്യവസായം നേരിടുന്ന താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം, വിനോദനികുതി എന്ന ഇരട്ട നികുതി, വ്യാജപതിപ്പുകളുടെ വ്യാപക പ്രചരണം, പ്രദര്‍ശനശാഖകള്‍ നേരിടുന്ന വിവിധ പ്രതിസന്ധികള്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ചചെയ്യാനായി സിനിമാ മേഖലയിലെ സംഘടനകളായ ഫിയോക്ക്, ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ (കേരള), ഫെഫ്ക എന്നീ സംഘടനകളുടെ ഒരു സംയുക്തയോഗം 06-02-2025ല്‍ കൂടിയതനുസരിച്ച് 2025 ജൂണ്‍ 1 മുതല്‍ സിനിമാമേഖല സംയുക്തമായി അനിശ്ചിതകാല സമരം നടത്താനും അതിനു മുന്നോടിയായി ഒരു ഏകദിന സൂചന പണിമുടക്ക് നടത്താനും തീരുമാനിച്ചിരുന്നു.
മലയാള സിനിമയുടെ നിര്‍മ്മാണച്ചിലവ് അനിയന്ത്രിതമായി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ താരങ്ങളുടെ പ്രതിഫലം, അവരുമായി ബന്ധപ്പെട്ട മറ്റു ഇതര അനാവശ്യചിലവുകള്‍ എന്നിവ നിയന്ത്രിക്കുന്നതിനായി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ട് 2024 നവംബര്‍ മാസത്തില്‍ അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഒരു കത്ത് നല്‍കിയെങ്കിലും അവരുടെ ഭരണത്തിന്റെ ഉത്തരവാദിത്വം അഡ്ഹോക് കമ്മറ്റിക്ക് ആയതിനാല്‍ ജനറല്‍ ബോഡി കൂടാതെ അനുകൂലമറുപടി നല്‍കാന്‍ സാധിക്കില്ല എന്ന് അറിയിച്ചതിനാലാണ് അമ്മ സംഘടനയെ ഒഴിവാക്കി മേല്‍സൂചിപ്പിച്ച മറ്റ് സംഘട കല്ലുമായി ചേര്‍ന്ന് യോഗം കൂടുകയും സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട കാര്യങ്ങള്‍ ക്കായി സമരം ചെയ്യാന്‍ തീരുമാനം കൈകൊള്ളുകയും ചെയ്തത്.
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്ന സംഘടനയുടെ നിലാവിലെ പ്രസിഡന്റ് ശ്രീ ആന്റോ ജോസഫ് ആണ്. അദ്ദേഹം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിഫ് വിദേശരാജ്യങ്ങളില്‍ ഉള്‍പ്പടെ നടക്കുന്നതിനാല്‍ സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം അദ്ദേഹം അറിയിച്ചിരുന്നു. ഇക്കാരണത്താല്‍ സംഘടനയില്‍നിന്നും താല്‍ക്കാലികമായി ലീവിനുള്ള അപേക്ഷ രേഖാമൂലം അസോസിയേഷനില്‍ നല്‍കിയിട്ടുണ്ട്.
സംഘടനയുടെ നിയമാവലിപ്രകാരം പ്രസിഡന്റിന്റെ അഭാവത്തില്‍ വൈസ് പ്രസിഡന്റ് ആണ് ചുമതല വഹിക്കേണ്ടത്. നിര്‍മ്മാതാക്കളുടെ സംഘടനയുടെ നിലവിലെ വൈസ് പ്രസിഡന്റുമാര്‍ ശ്രീ ജി. സുരേഷ് കുമാര്‍, ശ്രീസിയാദ് കോക്കര്‍ എന്നീ മുതിര്‍ന്ന നിര്‍മ്മാതാക്കളാണ്. സംഘടനാകാര്യങ്ങള്‍ അവര്‍ രണ്ടു പേരും പസ്യേമായി പറഞ്ഞത് സംഘടനയുടെ ഭരണസമിതിയെടുത്ത തീരുമാന പ്രകാരമാണ്.
എല്ലാ നിര്‍മ്മാതാക്കളുടെയും ഗുണത്തിനുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഭരണസമിതി എടുത്ത തീരുമാനങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ ജനങ്ങളിലേക്ക് അറിയിക്കുക മാത്രം ചെയ്ത സുരേഷ് കുമാറിനെ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് വഴി ചോദ്യം ചെയ്ത ആന്റണി പെരുമ്പാവൂര്‍ അന്ന് ചേര്‍ന്ന യോഗത്തില്‍ ക്ഷണിക്കപ്പെട്ടിട്ടും പങ്കെടുക്കാതെ, ഇത്തരത്തില്‍ ഒരു പരസ്യനിലപാട് സ്വീകരിത് അനുചിതമായിപ്പോയി എന്ന് സൂചിപ്പിക്കട്ടെ.
വര്‍ദ്ധിക്കുന്ന നിര്‍മ്മാണചിലവ് കാരണം ഭീമമായ നഷ്ടം സംഭവിക്കുന്ന നിര്‍മ്മാതാക്കള്‍ക്കുവേണ്ടി നിലകൊള്ളുന്ന അസോസിയേഷന്റെ നിലപാടാണ് സംഘടനാവൈസ്പ്രസിഡന്റും മുതിര്‍ന്ന നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍ വ്യക്തമാക്കിയത്. സംഘടനക്കെതിരായും വ്യക്തിപരവുമായും നടത്തുന്ന ഏത് നീക്കവും ഉത്തരവാദിത്വമുള്ള സംഘടന എന്ന നിലയില്‍ പ്രതിരോധിക്കുമെന്ന് അറിയിക്കട്ടെ,’ പത്രക്കുറിപ്പ് ഇങ്ങനെ.
സുരേഷ് കുമാറിന്റെ നിലപാടുകള്‍ ബാലിശവും അപക്വവുമെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ വിമര്‍ശിനം. സംഘടനയിലുള്ള തന്നോടും പോലും കാര്യങ്ങള്‍ ആലോചിച്ചില്ലെന്നും, ആന്റോ ജോസഫിനെ പോലെയുള്ളവര്‍ സുരേഷ് കുമാറിനെ തിരുത്തണമെന്നും ആന്റണി പെരുമ്പാവൂര്‍ തുറന്നടിച്ചു. വ്യക്തി എന്ന നിലയ്ക്ക്, ജനാധിപത്യ ഇന്ത്യയില്‍ സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും ഒരു സംഘടനയെ പ്രതിനിധീകരിമ്പോള്‍, ആ സംഘടനയിലെ ഭൂരിപക്ഷം അംഗീകരിക്കുന്നതും ബോധ്യപ്പെട്ടതുമായ കാര്യങ്ങളാണ് പൊതുവേദിയില്‍ അവതരിപ്പിക്കേണ്ടതെന്നെന്നും ആന്റണി പെരുമ്പാവൂര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. അതേസമയം, നിര്‍മ്മാതാക്കളുടെ സംഘനയ്‌ക്കെതിരെ നടന്‍ ജയന്‍ ചേര്‍ത്തല രംഗത്തെത്തിയിട്ടുണ്ട്.