‘എല്ലാവരും ചേര്‍ത്തുപിടിച്ചു…നന്ദി’; 46 ദിവസത്തിന് ശേഷം ഉമാ തോമസ് വീട്ടിലേക്ക്
കൊച്ചി: ജീവനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയുള്ള 46 ദിവസത്തിന് ശേഷം പൂര്‍ണ്ണ ആരോഗ്യത്തോടെ ഉമാതോമസ് ആശുപത്രി വിട്ടു. കലൂര്‍ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ താത്കാലിക സ്റ്റേജില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റാണ് എംഎല്‍എ ആശുപത്രിയില്‍ കഴിയേണ്ടി വന്നത്. അപകടത്തില്‍ വാരിയെല്ല് പൊട്ടുകയും. തലച്ചോറിന് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ടും രൂപപ്പെട്ടിരുന്നു.
നാല്‍പ്പത്തിയാറ് ദിവസം തന്നെ നന്നായി പരിചരിച്ച ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും നന്ദി അറിയിച്ചാണ് ഉമാ തോമസ് ആശുപത്രി വിട്ടത്. ‘വലിയ അപകടത്തില്‍ നിന്നാണ് കരകയറിയത്.കുറച്ചുദിവസങ്ങള്‍ കൂടി വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ആശുപത്രിയില്‍ കഴിഞ്ഞ നാളുകളില്‍ എല്ലാവരും ചേര്‍ത്തുപിടിച്ചു. എല്ലാവര്‍ക്കും നന്ദി’.- ആശുപത്രിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എംഎല്‍എ പറഞ്ഞു.
നിലവില്‍ എംഎല്‍എയുടെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഡിസ്ചാര്‍ജിന് ശേഷം എറണാകുളം പൈപ്പ് ലൈനിലെ വാടക വീട്ടിലേക്കാണ് എംഎല്‍എ പോവുക. സ്വന്തം വീടിന്റെ അറ്റകുറ്റ പണികള്‍ക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറും.
കഴിഞ്ഞ ഡിസംബര്‍ 29-നാണ് ഉമാ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ചത്. കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം ക്രമീകരിച്ച പതിനാല് അടിയോളം ഉയരമുള്ള സ്റ്റേജില്‍ നിന്ന് കാല്‍വഴുതി വീണാണ് ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരുക്കേറ്റത്.
ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം നൃത്തസന്ധ്യയില്‍ പങ്കെടുക്കാനാണ് ഉമാ തോമസ് സ്റ്റേഡിയത്തില്‍ എത്തിയത്. 11600-ത്തോളം ഭരത്യനാട്യ കലാകാരെ അണിനിരത്തി ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തിയ പരിപാടിയാണ് മൃദംഗനാദം. നടി ദിവ്യ ഉണ്ണി, ദേവി ചന്ദന, ഉത്തരാ ഉണ്ണി, വിദ്യ ഉണ്ണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നൃത്തം അരങ്ങേറിയത്.
പരിപാടിയുടെ സമാപനദിവസം ആശംസകള്‍ അര്‍പ്പിക്കുവാന്‍ സംഘാടകര്‍ എംഎല്‍എയെ ക്ഷണിച്ചിരുന്നു. ഇതിനുവേണ്ടിയാണ് എംഎല്‍എ സ്റ്റേഡിയത്തില്‍ എത്തിയത്. പരിപാടി ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിലെത്തിയ എംഎല്‍എ പ്രത്യേകം സജ്ജമാക്കിയ സ്റ്റേജിലേക്ക് കയറി ആദ്യം മുന്‍ നിരയിലെ കസേരയില്‍ ഇരുന്നു. ഇതിനിടെ സാംസ്‌കാരിക മന്ത്രി സജി ചെറിയാനെ അഭിവാദ്യം ചെയ്യാന്‍ എഴുന്നേല്‍ക്കുമ്പോള്‍, കാല്‍ വഴുതിയതിനെ തുടര്‍ന്ന് സ്റ്റേജിന് മുന്നില്‍ ബാരിക്കേഡിന് പകരം കെട്ടിയിട്ടുള്ള നീല റിബണ്ണില്‍ പിടിക്കാന്‍ ശ്രമിക്കുകയും, റിബണടക്കം 15 അടി താഴ്ചയിലേക്ക് വീഴുകയുമായിരുന്നു.