പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജി സുരേഷ് കുമാര്‍; ആന്റണിയുടെ പോസ്റ്റിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം

കൊച്ചി: ആന്റണി പെരുമ്പാവൂരിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണമെന്ന് നിര്‍മാതാവ് ജി. സുരേഷ് കുമാര്‍. ചില അസോസിയേഷനുകളും ഫാന്‍സ് ഗ്രൂപ്പുകളും ടാര്‍ഗെറ്റ് ചെയ്ത് സൈബര്‍ ആക്രമണം നടത്തിയെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി.

സംയുക്ത യോഗത്തിലെ തീരുമാനമാണ് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞത്. സമരപ്രഖ്യാപനം യോഗമെടുത്ത തീരുമാനമാണ്. പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. ഒത്തുതീര്‍പ്പ് ചര്‍ച്ച ഉടനുണ്ടാകില്ലെന്നും സുരേഷ് കുമാര്‍ വ്യക്തമാക്കി. കളക്ഷന്‍ കണക്ക് പറഞ്ഞതാണ് പലരുടേയും പ്രകോപനത്തിന് കാരണമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

സിനിമാ മേഖല ജൂണ്‍ ഒന്ന് മുതല്‍ നിശ്ചലമാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനമാണ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. സംഘടനയില്‍ ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണ് സുരേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. എന്നാല്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് ആന്റണി പെരുമ്പാവൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പങ്കുവെയ്ക്കുകയായിരുന്നു.

നിര്‍മാതാക്കളുടെ സംഘടനയില്‍ സുരേഷ് കുമാറിന്റെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്നും എമ്പുരാന്റെ ബജറ്റ് 141 കോടി രൂപയാണെന്ന് സുരേഷ് കുമാറിന് എങ്ങനെയാണ് അറിയാമെന്നും ആന്റണി കുറിപ്പില്‍ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ഈ പോസ്റ്റിന് പിന്തുണ നല്‍കി നടന്‍മാരായ മോഹന്‍ലാലും ടൊവിനോ തോമസും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. അതേസമയം, സുരേഷ് കുമാറിന് പിന്തുണയുമായി നിര്‍മാതാവ് ലിസ്റ്റന്‍ സ്റ്റീഫന്‍ രംഗത്തെത്തിയിരുന്നു. ആന്റെണി പെരുമ്പാവുരിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് ലിസ്റ്റന്‍ സ്റ്റീഫന്‍ അഭിപ്രായപ്പെട്ടു.