അനധികൃത കുടിയേറ്റക്കാര്‍ ഉള്‍പ്പെടുന്ന മൂന്നാമത്തെ യുഎസ് സൈനിക വിമാനം ഇന്ത്യയിലെത്തി
ന്യൂഡല്‍ഹി: അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ യുഎസ് സൈനിക വിമാനം രാജ്യത്ത് എത്തി. 112 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ രാത്രിയോടെയാണ് യുഎസില്‍ നിന്നുള്ള വിമാനം അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയത്. അനധികൃത കുടിയേറ്റക്കാരെ യുഎസില്‍നിന്നും നാടുകടത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ തുടര്‍ന്നാണ് നടപടി.
ഇന്ത്യയില്‍ എത്തിയ 112 പേരില്‍ 44 പേര്‍ ഹരിയാനയില്‍നിന്നുള്ളവരാണ്. 33 പേര്‍ ഗുജറാത്തില്‍നിന്നുള്ളവും 31 പേര്‍ പഞ്ചാബില്‍നിന്നുള്ളവരുമാണ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടുപേരും ഉത്തരാഖണ്ഡില്‍നിന്നും ഹിമാചല്‍പ്രദേശില്‍നിന്നും ഓരോരുത്തര്‍ വീതവും യുഎസ് നാടുകടത്തിയവരിലുണ്ട്. 19 പേര്‍ സ്ത്രീകളാണ്. 14 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇതില്‍ രണ്ടു നവജാത ശിശുക്കളും ഉണ്ടെന്ന് വൃത്തങ്ങള്‍ പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരുമായുള്ള യുഎസിന്റെ രണ്ടാമത്തെ സൈനിക വിമാനം ലാന്‍ഡ് ചെയ്ത് 24 മണിക്കൂറുകള്‍ക്കുള്ളിലാണ് മൂന്നാമത്തെ വിമാനവും എത്തിയത്. ഇമിഗ്രേഷന്‍, വെരിഫിക്കേഷന്‍, പശ്ചാത്തല പരിശോധനകള്‍ എന്നിവയുള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് പോകാന്‍ അനുവദിക്കും.
ഫെബ്രുവരി അഞ്ചിനാണ് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെയും കൊണ്ടുള്ള ആദ്യ യുഎസ് സൈനിക വിമാനം അമൃത്സറില്‍ എത്തിയത്. ആദ്യ ബാച്ചില്‍ ഇന്ത്യയില്‍ എത്തിയവരില്‍ 33 പേര്‍ വീതം ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ളവരും 30 പേര്‍ പഞ്ചാബില്‍നിന്നുള്ളവരും ആയിരുന്നു.