തിരുവനന്തപുരത്ത് അഞ്ചു പേരെ കൊലപ്പെടുത്തി 23 കാരന്‍

തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് കൂട്ടക്കൊല. ആറു പേരെ വെട്ടിക്കൊലപ്പെടുത്തിയെന്ന് യുവാവിന്റെ വെളിപ്പെടുത്തല്‍. വെഞ്ഞാറമൂട്ടിലാണ് നാടിനെ നടുക്കിയ സംഭവം. പേരുമല സ്വദേശിയായ അഫാന്‍ എന്ന 23 കാരനാണ് പ്രതി. കൊലപാതകം നടത്തിയതായി പ്രതി പൊലീസ് സ്റ്റേഷനിലെത്തി വെളിപ്പെടുത്തുകയായിരുന്നു.

സ്വന്തം അമ്മ ഉള്‍പ്പെടെ ആറു പേരെയാണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇതില്‍ അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. കുടുംബാംഗങ്ങളെയും പെണ്‍സുഹൃത്തിനെയും ബന്ധുക്കളെയുമാണ് കൊലപ്പെടുത്തിയത്. അഫാന്റെ മുത്തശ്ശി സല്‍മാ ബീവി (88), സഹോദരന്‍ അഫ്‌സാന്‍ (13), പെണ്‍സുഹൃത്ത് ഫര്‍സാന (19), അഫാന്റെ പിതാവിന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ എന്നിവരാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അഫാന്റെ മാതാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ഗ്യാസ് സിലന്‍ഡര്‍ തുറന്നുവിട്ട ശേഷമായിരുന്നു പ്രതി പൊലീസ് സ്റ്റേഷനിലെത്തിയത്. താന്‍ എലിവിഷം കഴിച്ചിട്ടുണ്ടെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. യുവാവിനെ നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവാവ് പറഞ്ഞ സ്ഥലങ്ങളില്‍ പൊലീസ് പരിശോധന തുടരുകയാണ്.

മൂന്ന് സ്ഥലങ്ങളിലായാണ് കൊലപാതകം നടന്നത്. വെട്ടിയും തലയ്ക്ക് അടിച്ചുമാണ് കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പെണ്‍സുഹൃത്തുമായി വീട്ടിലെത്തിയതിനെ തുടര്‍ന്ന് വീട്ടുകാരുമായി വഴക്കുണ്ടായെന്നും വിദേശത്തുള്ള പിതാവിന്റെ കടബാധ്യതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.