കൊലപാതകങ്ങള്‍ ക്രൂര വിനോദമായി ആഘോഷിക്കപ്പെടുന്നു: പ്രേംകുമാര്‍

തിരുവനന്തപുരം: ടെലിവിഷന്‍ സീരിയലുകള്‍ക്ക് പിന്നാലെ സിനിമകളെയും രൂക്ഷമായി വിമര്‍ശിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാനും നടനുമായ പ്രേംകുമാര്‍. സീരിയലുകള്‍ക്ക് സമാനമായി എന്‍ഡോസള്‍ഫാന്‍ പോലെ മാരകമായ ചില സിനിമകളും വര്‍ത്തമാനകാലത്ത് പുറത്തിറങ്ങുന്നുണ്ടെന്ന് പ്രേംകുമാര്‍ വിമര്‍ശിച്ചു.

‘ചില സീരിയലുകളും, സാഹിത്യങ്ങളും, നാടകങ്ങളും സമൂഹത്തിന് എന്‍ഡോസള്‍ഫാന്‍ പോലെ മാരകമാണെന്ന് പറഞ്ഞയാളാണ് ഞാന്‍. അതില്‍ ചില സിനിമകളും ഉള്‍പ്പെടുന്നു. വര്‍ത്തമാനകാലത്ത് പുറത്തിറങ്ങുന്ന ചില സിനിമകളെ കുറിച്ച് വല്ലാത്ത ആശയങ്കയുണ്ട്. പല സിനിമകളും മനുഷ്യന്റെ ഹിംസാത്മതകളെ മുഴുവന്‍ ഉണര്‍ത്തുന്നതാണ്,’പ്രേംകുമാര്‍ പറഞ്ഞു

‘മനുഷ്യനുള്ളില്‍ ഉറങ്ങിക്കിടക്കുന്ന വന്യതയേയും മൃഗീയതയേയും ഉണര്‍ത്തുന്നതാണ് പല സിനിമകളും. കൊലപാതകങ്ങള്‍ ക്രൂര വിനോദമായി ആഘോഷിക്കപ്പെടുന്നു. ചില സമകാലീന സിനിമകളെ കുറിച്ചാണ് പറയുന്നത്. അപകടകരമായ രീതിയിലാണ് ഇതൊക്കെ പോകുന്നത്. സെന്‍സറിങ് ഉണ്ടെന്നതാണ് സിനിമയെ സംബന്ധിച്ച് ആശ്വാസം. സെന്‍സറിങിനെ മറികടന്നും ക്രൂരതയും പൈശാചികതയും അവതരിപ്പിക്കുന്നു. ഈ ചിത്രങ്ങള്‍ എങ്ങനെ പ്രദര്‍ശനാനുമതി നേടുന്നു എന്നത് അത്ഭുതപ്പെടുത്തുന്നതാണ്,’ പ്രേംകുമാര്‍ കൂട്ടിച്ചേര്‍ത്തു.

സിനിമയെ പോലെ സീരിയലുകള്‍ക്ക് സെന്‍സറിങ് സംവിധാനം ഇല്ലെന്നും, സിനിമ തിയേറ്ററിലാണ് പ്രദര്‍ശിപ്പിക്കുന്നതെന്നും എന്നാല്‍ സീരിയലുകള്‍ നേരിട്ട് സ്വീകരണ മുറികളിലേക്കാണ് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സൃഷ്ടാക്കള്‍ വലിയ ഉത്തരവാദിത്തം പാലിക്കണമെന്നും പ്രേംകുമാര്‍ പറഞ്ഞു. കലയിലൂടെ എന്തെങ്കിലും സന്ദേശം നല്‍കിയാല്‍ അത് മനുഷ്യന്റെ നന്മയെ ലക്ഷ്യം വച്ചുള്ളതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.