പിസി ജോര്‍ജിന് ജാമ്യം

മതവിദ്വേഷ പരാമര്‍ശ കേസില്‍ പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചു. ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതിയാണ് പിസി ജോര്‍ജിന് ജാമ്യം അനുവദിച്ചത്. നേരത്തെ, ഹൈക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിന് പിന്നാലെ കോടതിയില്‍ ഹാജരായ ജോര്‍ജിനെ റിമാന്‍ഡില്‍ വിടുകയായിരുന്നു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെതുടര്‍ന്ന് ജോര്‍ജ് വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു.

ജാമ്യ വ്യവസ്ഥകള്‍ പിസി ജോര്‍ജ് തുടര്‍ച്ചയായി ലംഘിക്കുന്നുവെന്ന് പ്രൊസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കാമെന്ന് പിസി ജോര്‍ജിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. പൊതുപ്രവര്‍ത്തകന്‍ ആയാല്‍ കേസുകള്‍ ഉണ്ടാകും. ഇതും അത് പോലെയെന്ന് പിസി ജോര്‍ജിന്റെ അഭിഭാഷകന്‍ വാദിച്ചു. പിസി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് തെളിവ് ഉണ്ടോയെന്നും മതവിദ്വേഷ പരാമര്‍ശ കേസില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യമാണെന്നും അതിനാല്‍ ജാമ്യം നല്‍കണമെന്നുമാണ് അഭിഭാഷകന്‍ ആവശ്യപ്പെട്ടത്.

പിസി നേരത്തെ സമാന കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. 30 വര്‍ഷം എംഎല്‍എ ആയിരുന്ന വ്യക്തി ആണ്. മത സൗഹാര്‍ദ്ദം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവനയാണിത്. മുന്‍കൂര്‍ ജാമ്യത്തിന് പോയപ്പോള്‍ തന്നെ ഹൈ കോടതിയില്‍ ഇത് ബോധ്യപ്പെടുത്തിയതാണ്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. ഇതെല്ലാം പരിഗണിച്ചാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു.