രണ്ട് മലയാളികളുടെ വധശിക്ഷ യുഎഇയില്‍ നടപ്പിലാക്കി

അബുദാബി: യുഎഇയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന രണ്ട് മലയാളികളുടെ ശിക്ഷ നടപ്പിലാക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. തലശേരി നെട്ടുരിലെ തെക്കെപറമ്പത്ത് അരങ്ങിലോട്ട് മുഹമ്മദ് റിനാഷ്, പെരുംതട്ടവളപ്പില്‍ മുരളീധരന്‍ എന്നിവരുടെ വധശിക്ഷയാണ് നടപ്പിലാക്കിയതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷ് യുഎഇ പൗരനെ കൊലപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റിലായത്. ഇന്ത്യന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് മുരളീധരന് വധശിക്ഷ വിധിച്ചത്. മുഹമ്മദ് റിനാഷ് മാനസിക വിഭ്രാന്തിയുള്ള വ്യക്തിയില്‍ നിന്ന് സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കവേയാണ് സംഭവം നടന്നതെന്നും മുന്‍പൊരു കുറ്റകൃത്യത്തിലും പങ്കാളിയല്ലെന്നും ചൂണ്ടിക്കാട്ടി മാതാവ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ നയതന്ത്ര ഇടപെടല്‍ കൊണ്ട് റിനാഷിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

ഇരുവര്‍ക്കും സാധ്യമായ എല്ലാ സഹായങ്ങളും യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയം നല്‍കിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇവരുടെ വധശിക്ഷ നടപ്പാക്കിയെന്ന് യുഎഇ അധികൃതര്‍ ഫെബ്രുവരി 28-ന് അറിയിച്ചുവെന്നും ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

യുഎഇയില്‍ വധശിക്ഷ നടപ്പാക്കപ്പെട്ട രണ്ട് മലയാളികളുടെ കാര്യത്തില്‍ കൂടുതല്‍ വിവരം ലഭിക്കുന്നത് കാത്ത് പ്രവാസി സംഘടനകള്‍. വധശിക്ഷ നടപ്പാക്കപ്പെട്ട തലശ്ശേരി സ്വദേശി മുഹമ്മദ് റിനാഷിന്റെയും പി.വി. മുരളീധരന്റെയും അന്ത്യകര്‍മ്മങ്ങള്‍ക്ക് സൗകര്യമൊരുക്കുമെന്ന് ഇന്നലെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കുടുംബങ്ങള്‍ക്കൊപ്പം ഇക്കാര്യത്തില്‍ അംഗീകൃത അസോസിയേഷനുകള്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കും കൂടി വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

എന്നാല്‍, യുഎഇയിലെ ഇന്ത്യന്‍ എംബസിയും ഇതുവരെ അറിയിപ്പുകള്‍ ഒന്നും നല്‍കിയിട്ടില്ല.ഉത്തര്‍ പ്രദേശ് സ്വദേശിനി ഷഹ്സാദി ഖാന്റെ വധശിക്ഷ യുഎഇ നടപ്പാക്കിയതിന് പിന്നാലെയാണ് രണ്ട് മലയാളികളുടെ കൂടി വധശിക്ഷ നടപ്പാക്കിയെന്ന വിവരം പുറത്തുവന്നത്.