ഇറാനുമായി ആണവ കരാര്‍ ചര്‍ച്ചകള്‍ക്ക് ഡൊണാള്‍ഡ് ട്രംപ്

ഡല്‍ഹി: ഇറാനുമായി ആണവ കരാറില്‍ ചര്‍ച്ച നടത്താന്‍ ലക്ഷ്യമിടുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചര്‍ച്ചയ്ക്ക് താല്പര്യം പ്രകടിപ്പിച്ച് ഇറാന്‍ നേതൃത്വത്തിന് യുഎസ് വ്യാഴാഴ്ച കത്ത് അയച്ചു.

ചര്‍ച്ചയ്ക്ക് ഇറാന്‍ തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നതായി ഫോക്സ് ബിസിനസ് നെറ്റ്വര്‍ക്കിന് വെള്ളിയാഴ്ച നല്‍കിയ അഭിമുഖത്തില്‍ ട്രംപ് വ്യക്തമാക്കി. ‘നിങ്ങള്‍ ചര്‍ച്ച നടത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, കാരണം അത് ഇറാന് വളരെ നല്ലതായിരിക്കും. ‘ആ കത്ത് കിട്ടണമെന്ന് അവരും ആഗ്രഹിച്ചതായി ഞാന്‍ കരുതുന്നു,’ ട്രംപ് അഭിമുഖത്തില്‍ പറഞ്ഞു.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്കാണ് ട്രംപ് കത്ത് അയച്ചിരിക്കുന്നത്. അതേസമയം, ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട സാഹചര്യം പരിഹരിക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തുകൊണ്ട് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് വെള്ളിയാഴ്ച ഇറാന്‍ അംബാസഡര്‍ കാസിം ജലാലിയുമായി ചര്‍ച്ച നടത്തിയതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.