ഓസ്ട്രിയ ഒരു വിപത്തില്‍ നിന്ന് രക്ഷപെട്ടു? ഹെര്‍ബെര്‍ട് കിക്കല്‍ (FPO) ഒപ്പിട്ട പെന്‍ഷന്‍ കുറയ്ക്കുന്ന പരിപാടിയേക്കുറിച്ചും വായിക്കാം

വര്‍ഗീസ് പഞ്ഞിക്കാരന്‍

തീവ്രവലതുപക്ഷ ചേരിയിലേക്കു നീങ്ങി ജനാധിപത്യരീതികളേയും പൗരാവകാശങ്ങളേയും നിഷേധിക്കാനും സ്വേച്ഛാധിപത്യ പ്രവണതകള്‍ കൊണ്ട് ജനലക്ഷങ്ങളെ ദ്രോഹിക്കാനും വിവിധ രാഷ്ട്രനേതൃത്വങ്ങള്‍ വെമ്പല്‍ കൊള്ളുന്ന ഈ കാലഘട്ടത്തില്‍ ഓസ്ട്രിയായില്‍ അത്തരം ഒരു ദുരന്തത്തിലേയ്ക്ക് വഴുതി പോകാവുന്ന സാഹചര്യം ജനാധിപത്യ മുന്നണിയുടെ ഒറ്റക്കെട്ടായി നിന്നുള്ള മുന്നേറ്റം മൂലം അടഞ്ഞു.

രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞപ്പോള്‍ നാഷണല്‍ സോഷ്യലിസ്റ്റ് (NAZI) കൂട്ടുകെട്ടില്‍പ്പെട്ടവരുട നേതൃത്വത്തില്‍ വളര്‍ന്നു വന്ന ഒരു സംഘടന പിന്നീട് FPÖ (ഓസ്ട്രിയന്‍ ഫ്രീഡം പാര്‍ട്ടി) എന്ന പേരില്‍ 1955-ല്‍ രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിതമായി. വലതുപക്ഷ ലിബറല്‍ ചിന്താഗതിക്ക് ഇടക്കൊക്കെ മുന്‍തൂക്കം കൂടി വന്നതിന്റെ പേരില്‍ വളരെ ചെറിയ പാര്‍ട്ടി ആയിരുന്ന ഇവര്‍ക്ക് ഇടക്കൊക്കെ കൂട്ടുമന്ത്രിസഭയില്‍ (1983-1987) ചേരാന്‍ അവസരം കിട്ടിയിരുന്നു.

1990കളുടെ അന്ത്യത്തില്‍ ജ്യോര്‍ഗ് ഹൈഡര്‍ എന്ന നേതാവ് FPO-യെ ഒരു ജനപ്രിയ പാര്‍ട്ടി ആയി ഉയര്‍ത്തി. കുടിയേറ്റക്കാര്‍ വര്‍ധിച്ചതും ഇസ്ലാമിക തീവ്രവാദികളുടെ വളര്‍ച്ചയും നിര്‍ഭാഗ്യവശാല്‍ വീണ്ടും പാര്‍ട്ടിയുടെ പിന്നണിയില്‍ NAZI സമാന ചിന്തകള്‍ക്കും പ്രവണതകള്‍ക്കും ആക്കം കൂട്ടി. പുതിയ നൂറ്റാണ്ടു പിറന്നപ്പോള്‍ മുതല്‍ ഈ അഴിഞ്ഞാട്ടക്കാര്‍ മുന്‍നിരയിലേക്ക് തന്നെ വന്നു. തല്‍ഫലമായി FPOക്ക് ഒട്ടേറെ വോട്ടുകള്‍ ലഭിക്കുകയും 2000-2007 (ചാന്‍സലര്‍ വോള്‍ഫ്ഗാങ് ഷ്യുസ്സെല്‍), 2017-2019 (ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍ട്സ്) വര്‍ഷങ്ങളില്‍ ഓസ്ട്രിയായിലെ OVP – ക്രിസ്ത്യന്‍ ജനകീയ പാര്‍ട്ടിയുമായി ചേര്‍ന്ന് ഭരണം പിടിക്കാന്‍ സാധിച്ചു.

ജനപ്രീതി ഏറി എന്ന് കണ്ടപ്പോള്‍ കൂട്ടുമന്ത്രിസഭയില്‍ ചേര്‍ന്ന് ഭരിച്ചത് കൊണ്ട് ആയില്ല, ഓസ്ട്രിയയിലെ ചാന്‍സലര്‍ സ്ഥാനം വേണമെന്നായി പാര്‍ട്ടി നേതൃത്വം. അങ്ങനെ ഉയര്‍ന്നുവന്ന FPO നേതാവാണ് ഹെര്‍ബെര്‍ട് കിക്കള്‍.

തുടര്‍ന്ന് 2024 സെപ്റ്റംബറില്‍ നടന്ന ദേശീയ തെരഞ്ഞെടുപ്പില്‍ ‘ജനകീയ ചാന്‍സലര്‍ കിക്കള്‍’ എന്ന ബ്രാന്‍ഡില്‍ പ്രചരണം നടത്തി പാര്‍ട്ടി ഭാഗിക ഭൂരിപക്ഷം നേടി. പക്ഷെ തീവ്രവലതനും, റഷ്യന്‍ അനുകൂലിയും, യൂറോപ്യന്‍ യൂണിയനെതിരുമായ കിക്കളുമായി ചേര്‍ന്ന് ഭരിക്കാനും അദ്ദേഹത്തെ ഓസ്ട്രിയന്‍ ചാന്‍സലര്‍ പദവിയിലേക്ക് ഉയര്‍ത്താനും മറ്റു പാര്‍ട്ടികള്‍ (OVP, SPO – ഓസ്ട്രിയന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി, NEOS – ന്യൂ ഓസ്ട്രിയന്‍ ലിബറല്‍ പാര്‍ട്ടി) എന്നിവര്‍ സന്നദ്ധമായില്ല.

ഒടുവില്‍ ഓസ്ട്രിയയുടെയും ജനങ്ങളുടെയും നന്മയും ക്ഷേമവും മുന്‍നിറുത്തി ഒട്ടേറെ ഒത്തുതീര്‍പ്പുകള്‍ പ്രധാന കക്ഷികളായ OVP, SPO, NEOS പാര്‍ട്ടികള്‍ പരസ്പര ധാരണയിലെത്തി. OVP നേതാവ് ക്രിസ്ത്യന്‍ സ്റ്റോക്കര്‍ ചാന്‍സലര്‍ ആയും SPO നേതാവ് ആന്ദ്രേയാസ് ബാബ്ലെര്‍ വൈസ് ചാന്‍സലര്‍ ആയും, NEOS നേതാവ് ബെയാതെ മൈനില്‍-റൈസിംഗെര്‍ വിദേശകാര്യ മന്ത്രിയായും 14 അംഗ മന്ത്രിസഭ ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ മാര്‍ച്ച് 3നു ഓസ്ട്രിയ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന്റെ മുന്‍പില്‍ സത്യപ്രതിജ്ഞ ചെയ്തു; അങ്ങനെ ഓസ്ട്രിയയില്‍ ചരിത്രത്തില്‍ ആദ്യമായി മൂന്നു പാര്‍ട്ടികള്‍ കൂട്ടുകക്ഷിയായി ഭൂരിപക്ഷം രൂപപ്പെടുത്തി ജനാധിപത്യ മുന്നണി രൂപീകരിച്ചു ഭരണം ഏറ്റെടുത്തു. ഇതോടെ ‘ട്രമ്പ് എഫ്ഫക്റ്റ്’ മാത്രമല്ല ‘ട്രമ്പ്-പുട്ടിന്‍ എഫ്ഫക്റ്റ്’-നെ തന്നെ അപ്രസക്തമാക്കി.

പുതിയ ഗവണ്മെന്റ് പെന്‍ഷന്‍ കുറയ്ക്കുമോ?
ഓസ്ട്രിയയിലെ സാമ്പത്തിക നില അത്ര ഭദ്രമല്ലാത്തതുകൊണ്ട് യൂറോപ്യന്‍ യൂണിയന്റെ നിയന്ത്രണം വന്നു പ്രശ്നങ്ങള്‍ (‘Defizitverfahren’) ഉണ്ടാകാതിരിക്കാന്‍ വേണ്ടി OVP യുമായി മാത്രം ചേര്‍ന്ന് കൂട്ടുമന്ത്രിസഭ സ്ഥാപിച്ചു ചാന്‍സലര്‍ ആകാന്‍ മോഹിച്ച ഹെര്‍ബെര്‍ട് കിക്കള്‍ ഒപ്പിട്ട് യൂണിയന്റെ ആസ്ഥാനമായ ബ്രസ്സല്‍സിലേയ്ക്ക് അയച്ച ഭരണനയത്തിലെ ഒരു ഖണ്‍ഡികയാണ് പെന്‍ഷനില്‍ കുറവ് വരുത്താന്‍ പോകുന്നതായി ചര്‍ച്ചയായത്. ഇത് കിക്കലിനെ മാറ്റിനിര്‍ത്തിക്കൊണ്ടുള്ള OVP – SPO – NEOS കൂട്ടുകക്ഷി ഭരണകൂടം ഏറ്റെടുത്തു എന്ന് മാത്രം.

പെന്‍ഷന്‍ നല്‍കുന്നത് ഓസ്ട്രിയന്‍ പെന്‍ഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് (Pensionsversicherungsanstalt). അവര്‍ ഒരിക്കലും പെന്‍ഷന്‍ കുറയ്ക്കില്ല. എന്നാല്‍ കൂടുന്നത് പെന്‍ഷന്‍ ആയിട്ടുള്ളവരുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനു മാസം തോറും അടക്കുന്ന തുകയുടെ ശതമാനം ആണ്. ഇത്രയും നാള്‍ ബ്രൂട്ടോ പെന്‍ഷന്‍ ന്റെ 5.1% ആയിരുന്നത് ഇനി 6% ആക്കി കൂട്ടുന്നു. പെന്‍ഷന്‍ നെറ്റോ അക്കൗണ്ടില്‍ വരുമ്പോള്‍ ഓര്‍ക്കേണ്ടത് ഇനി മുതല്‍ നമ്മള്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിനു മാസം തോറും അല്പം കൂടുതല്‍ കൊടുക്കേണ്ടതുണ്ട് എന്നാണ്.

എന്തുകൊണ്ടാണ് പെന്‍ഷന്‍ ആയവരുടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കോണ്ട്രിബൂഷന്‍ കൂട്ടേണ്ടി വന്നത്?
ഓസ്ട്രിയന്‍ ഹെല്‍ത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് (OGK) യുടെ സ്ഥിതിവിവര കണക്കുകള്‍ പ്രകാരം മറ്റുള്ളവര്‍ക്ക് മുടക്കുന്നതിനേക്കാള്‍ വളരെ ഏറെ പണം പെന്‍ഷന്‍ പറ്റിയവര്‍ക്കായി ചെലവഴിക്കുന്നുണ്ട്. 2021-ല്‍ OGK ആകെ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് ചെലവഴിച്ച 11 ബില്യണ്‍ യൂറോയില്‍ 50%, അതായത് 5.5 ബില്യണ്‍ യൂറോ പെന്‍ഷന്‍ ആയവര്‍ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ പെന്‍ഷന്‍ പറ്റിയവരുടെ വരിസംഖ്യ ലഭിക്കുന്നത് 3.3 ബില്യണ്‍ യൂറോ മാത്രം. ബാക്കി 2.2 ബില്യണ്‍ യൂറോയ്ക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു.

ബഡ്ജറ്റിലെ ഇത്തരം വിടവുകള്‍ നേരത്തെയും ഉണ്ടായിരുന്നതുകൊണ്ടാണ് 2011-ല്‍ 4.95% ആയിരുന്ന പെന്‍ഷന്‍കാരുടെ കോണ്ട്രിബൂഷന്‍ 0.15 % കൂട്ടി 5.1% ആക്കിയത്. സാമ്പത്തിക പ്രതിസന്ധി കൂടിയപ്പോള്‍ 14 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമാണ് വീണ്ടും 2025-ല്‍ അത് 0.9% കൂട്ടി 6% ആക്കുന്നത് എന്നതാണ് സത്യം. എന്നാല്‍ വിമര്‍ശകര്‍ ഇത് പാടെ അവഗണിച്ചാണ് അവരുടെ പക്ഷം പൊതുസമക്ഷം അവതരിപ്പിക്കുന്നത്.

ഓസ്ട്രിയയില്‍ ഒരു പുതിയ ഉണര്‍വും, രാഷ്ട്രീയ-ജനാധിപത്യ-യൂറോപ്യന്‍ പ്രബുദ്ധതയും, അതേസമയം എല്ലാതരം ജനവിഭാഗങ്ങളും വേണ്ടിയുള്ള സുരക്ഷിതമായ സാമൂഹ്യജീവിതവും, ഉയര്‍ന്ന ജീവിത നിലവാരവും വാഗ്ദാനം ചെയ്തുകൊണ്ടാണ് ഭരണമേറ്റെടുത്തിരിക്കുന്ന ഈ ത്രികക്ഷി കൂട്ടുഭരണം ആരംഭിക്കുന്നത്. ഗുണവും ദോഷങ്ങളും എന്താകുമെന്നത് വരുംദിവസങ്ങളില്‍ ജനം ഉറ്റുനോക്കുന്നത്.