295 ഇന്ത്യക്കാരെ കൂടി യുഎസില്‍ നിന്ന് നാടുകടത്തും: വിദേശകാര്യ മന്ത്രാലയം
ന്യൂഡല്‍ഹി: 295 ഇന്ത്യക്കാരെ കൂടി യുഎസില്‍ നിന്ന് നാടുകടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയവും മറ്റ് ബന്ധപ്പെട്ട ഏജന്‍സികളും ചേര്‍ന്ന് ഈ 295 വ്യക്തികളുടെ വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് എംപി കതിര്‍ ആനന്ദിന്റെ ചോദ്യത്തിന് വിദേശകാര്യ മന്ത്രാലയം ലോക്സഭയില്‍ മറുപടി നല്‍കി.
യുഎസില്‍നിന്ന് എത്തിയ മൂന്ന് വിമാനങ്ങളിലെയും ഇന്ത്യക്കാരോട് മതപരമായ ശിരോവസ്ത്രം നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് അമേരിക്ക ഇന്ത്യയെ അറിയിച്ചതായി കേന്ദ്ര സര്‍ക്കാര്‍ ലോക്സഭയെ അറിയിച്ചു. യുഎസില്‍നിന്ന് നാടു കടത്തപ്പെട്ട് അമൃത്സര്‍ വിമാനത്താവളത്തില്‍ എത്തിയ നിരവധി സിഖ് മതസ്ഥര്‍ തലപ്പാവ് ധരിക്കാതെ ഇറങ്ങിയതിനെത്തുടര്‍ന്ന് ഉണ്ടായ വിവാദത്തിന് പിന്നാലെയാണ് പ്രസ്താവന. ഇന്ത്യയിലേക്കുള്ള മൂന്ന് സൈനിക വിമാനങ്ങളില്‍ കയറുന്നതിന് മുമ്പ് തങ്ങളുടെ തലപ്പാവ് നീക്കം ചെയ്തതായി നാടുകടത്തപ്പെട്ടവരും പഞ്ചാബ് എന്‍ആര്‍ഐ വകുപ്പ് മന്ത്രി കുല്‍ദീപ് സിംഗ് ധലിവാളും ആരോപിച്ചിരുന്നു.
ഫെബ്രുവരി 5, 15, 16 തീയതികളില്‍ യുഎസ് വിമാനങ്ങളില്‍ നാടുകടത്തിയ ഇന്ത്യക്കാരോട് മതപരമായ ശിരോവസ്ത്രങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും സസ്യാഹാരം അഭ്യര്‍ത്ഥിച്ചതൊഴിച്ചാല്‍ മറ്റ് മതപരമായ കാര്യങ്ങളൊന്നും നാടുകടത്തപ്പെട്ടവര്‍ വിമാനയാത്രയ്ക്കിടെ ആവശ്യപ്പെട്ടിട്ടില്ലെന്നും യുഎസ് വിഭാഗം വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചതായി ലോക്സഭാ എംപി രാജാ റാം സിങ്ങിന്റെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് രേഖാമൂലം മറുപടി നല്‍കി.
ഫെബ്രുവരി 5 ന് എത്തിയ ഇന്ത്യക്കാരോടുള്ള പെരുമാറ്റത്തെക്കുറിച്ച്, പ്രത്യേകിച്ച് സ്ത്രീകളെ വിലങ്ങ് വച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യ യുഎസ് അധികാരികളോട് തങ്ങളുടെ ആശങ്കകള്‍ ശക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെ നാടുകടത്തപ്പെട്ടവരുടെ ആദ്യ ബാച്ച് കൈയ്യില്‍ വിലങ്ങുമായി ഇന്ത്യയില്‍ എത്തിയതിനെതിരെ രാജ്യത്ത് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഈ വര്‍ഷം ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റായതിനുശേഷം, 388 ഇന്ത്യക്കാരെ യുഎസില്‍ നിന്ന് നാടുകടത്തിയിട്ടുണ്ട്, കൂടുതലും ഫെബ്രുവരിയിലാണ്. 388 പേരില്‍ 153 പേര്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്.