ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു; ആരോഗ്യനിലയില്‍ പുരോഗതിയെന്ന് റിപ്പോര്‍ട്ട്
വത്തിക്കാന്‍ സിറ്റി: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ആശുപത്രി വിട്ടു. ആശുപത്രിയില്‍ നിന്ന് ഔദ്യോഗിക വസതിയായ സാന്താ മാര്‍ട്ടയിലേക്കായിരിക്കും അദ്ദേഹം മടങ്ങുക. മാര്‍പ്പാപ്പയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ശ്വസന സംബന്ധമായ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടെന്നും വത്തിക്കാന്‍ അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ഡോക്ടര്‍മാര്‍ മാര്‍പ്പാപ്പയ്ക്ക് രണ്ടു മാസം വിശ്രമം നിര്‍ദേശിച്ചതായാണ് വിവരം. ന്യൂമോണിയ ബാധിച്ച് ഫെബ്രുവരി 14നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെ ചാപ്പലില്‍ നിന്നുള്ള മാര്‍പാപ്പയുടെ ഫോട്ടോ വത്തിക്കാന്‍ പുറത്തുവിട്ടിരുന്നു.
ദിവ്യബലി അര്‍പ്പിക്കുമ്പോള്‍ ധരിക്കുന്ന സ്റ്റോളും ധരിച്ച് ഇരിക്കുന്ന മാര്‍പാപ്പയുടെ ചിത്രമായിരുന്നു പുറത്തുവിട്ടത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം വത്തിക്കാനില്‍ നിന്ന് പുറത്തുവരുന്ന മാര്‍പാപ്പയുടെ ആദ്യത്തെ ഫോട്ടോയായിരുന്നു ഇത്.
അതേസമയം, ആശുപത്രിയില്‍ നിന്ന് മടങ്ങും മുന്‍പ് ജനങ്ങളെ അഭിവാദ്യം ചെയ്യാനും അനുഗ്രഹിക്കാനും മാര്‍പ്പാപ്പ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ജെമെല്ലി ആശുപത്രിയുടെ പത്താം നിലയിലുള്ള പാപ്പല്‍ സ്യൂട്ടില്‍ നിന്ന് ഞായറാഴ്ച അനുഗ്രഹം നല്‍കുമെന്നാണ് വിവരം.