കുറ്റപത്രം റദ്ദാക്കണമെന്ന ആവശ്യവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍
കൊച്ചി: വാളയാര്‍ കേസില്‍, സിബിഐ നടപടിക്കെതിരെ പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മാതാപിതാക്കളെ പ്രതിചേര്‍ത്ത സിബിഐ നടപടിക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. സിബിഐ കുറ്റപത്രം റദ്ദാക്കണമെന്നും കേസില്‍ തുടരന്വേഷണം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. വിഷയത്തിലെ സിബിഐയുടെ മറുപടിയ്ക്കായി ഏപ്രില്‍ ഒന്നിലേക്ക് മാറ്റിയിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതില്‍ പങ്കുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്ന് സിബിഐ കൂടുതല്‍ കേസുകളില്‍ മാതാപിതാക്കളെ പ്രതി ചേര്‍ത്തിരുന്നു.
മാര്‍ച്ച് അഞ്ചിനാണ് പെണ്‍കുട്ടികളുടെ അമ്മയെയും അച്ഛനെയും പ്രതി ചേര്‍ത്തയായി സിബിഐ വിചാരണ കോടതിയെ അറിയിച്ചത്. ഒന്‍പതു കേസുകളില്‍ ആറെണ്ണത്തില്‍ അമ്മയെയും അച്ഛനെയും പ്രതി ചേര്‍ത്തിരുന്നു. മൂന്നു കേസുകളില്‍ പ്രതി ചേര്‍ക്കാനുള്ള നടപടികള്‍ തുടരുകയാണ്.
ഒന്നാം പ്രതി മക്കളുടെ മുന്നില്‍ വെച്ച് അമ്മയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയാണെന്നും കൊച്ചി സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.
പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ആത്മഹത്യാ പ്രേരണാ കുറ്റം ഉള്‍പ്പടെ വിവിധ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.