അടിച്ചു ഫിറ്റായ നാടോടികള്‍ ‘പാമ്പായപ്പോള്‍’ പണികിട്ടിയത് ഉഗ്രവിഷമുള്ള ഒറിജിനല്‍ പാമ്പിന്; ഒടുവില്‍ പോലീസും ഫയര്‍ഫോഴ്സുമെത്തി പാമ്പിനെയും നാടോടികളെയും രക്ഷിച്ചു
പാനൂര്‍:ടൗണിലെ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടികളെ ചുറ്റിക്കിടന്ന ശംഖുവരയന്റെ കടിയേല്‍ക്കാതെ രണ്ടുപേരെയും രക്ഷപ്പെടുത്തി പാമ്പ് പിടുത്തക്കാരനും, പൊലീസ്-അഗ്നിശമനസേന യൂണിറ്റും.കഴിഞ്ഞദിവസം രാത്രി 11.30ന് പാനൂര്‍ ടൗണ്‍ വഴി കടന്നുപോകുകയായിരുന്ന ബൈക്ക് യാത്രക്കാരാണ് കടത്തിണ്ണയില്‍ കിടന്നുറങ്ങുന്ന നാടോടോ ദമ്പദികളുടെ അടുത്ത് പാമ്പിനെക്കണ്ടത്.ഇവര്‍ ഉടന്‍ തന്നെ പാനൂര്‍ പൊലീസ് കണ്ട്രോള് റൂമില്‍ വിവരമറിയിച്ചു.
എസ്.ഐ രവീന്ദ്രന്റെ നേതൃത്വത്തില്‍ പൊലീസെത്തിയെങ്കിലും പിണഞ്ഞു കിടക്കുന്ന പാമ്പില്‍ നിന്നു മദ്യലഹരിയിലായിരുന്ന പുരുഷനെയും സ്ത്രീയെയും അപകട വിവരമറിയിക്കാനോ ഉണര്‍ത്താനോ കഴിഞ്ഞില്ല.പോലീസ് ഉടന്‍തന്നെ അഗ്നിശമനസേനയുടെ സേവനം തേടി. ഫയര്‍ ആന്‍ഡ് റസ്ക്യൂ സേനയെത്തിയപ്പോള്‍ ദൗത്യം ദുഷ്കരമാണെന്നു വന്നതോടെ പാമ്പിനെ പിടിക്കുന്നതില്‍ വിദഗ്ധനായ നിധീഷ് ചാലോടിനെ പാനൂരിലേക്ക് വിളിച്ചുവരുത്തി.
ഈ സമയം ശരീരത്തില്‍ ഞെരുങ്ങിക്കിടന്ന പാമ്പ് രക്ഷപ്പെടാനുള്ള ശ്രമത്തില്‍ പിടയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ നിധീഷ് പാമ്പിന്റെ തലഭാഗം തന്ത്രപരമായി നിയന്ത്രണത്തിലാക്കി. ഈ സമയത്ത് ബോധംകെട്ട് ഉറങ്ങുന്നവരെ ഉയര്‍ത്തിമാറ്റി പാമ്പിനെ സ്വതന്ത്രമാക്കി. എന്നാല്‍ നിധീഷിനു പിടികൊടുക്കാതെ പാമ്പ് ഓവുചാലില്‍ ഇറങ്ങി രക്ഷപ്പെട്ടു.
അതേസമയം ഒരുമണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമൊന്നും ഉറങ്ങുകയായിരുന്ന നാടോടികള്‍ അറിഞ്ഞിരുന്നില്ല. ഇതുപോലെ ഒട്ടേറെ നാടോടികളാണ് രാത്രിയില്‍ കടത്തിണ്ണയില്‍ ഉറങ്ങുന്നത്.