നൈജീരിയയില്‍ ബോംബ് സ്‌ഫോടനം; 50 പേര്‍ കൊല്ലപ്പെട്ടു; നിരവധിപേര്‍ക്ക് പരിക്ക്

അബൂജ: വടക്കുകിഴക്കന്‍ നൈജീരിയയിലെ പള്ളിയിലുണ്ടായ ബോംബ് സ്ഫോടനത്തില്‍ 50 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്.പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയുന്നു.

അദമാവ സംസ്ഥാനത്തെ മുബി നഗരത്തിലെ പള്ളിയിലാണ് ബോംബുമായെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചത്. ബോക്കോ ഹറാം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. പോലീസ് വക്താവ് ഉത്മാന്‍ അബൂബക്കറാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
2014ലാണ് അദമാവ സംസ്ഥാനത്ത് ബോക്കോ ഹറാം പ്രവര്‍ത്തനം ശക്തമാക്കിയത്. പിന്നീട് നിരവധി ആക്രമണങ്ങള്‍ ഇവര്‍ നടത്തിയിരുന്നു. സൈന്യം ശക്തമായ തിരിച്ചടി നല്‍കിയതിനെത്തുടര്‍ന്ന് 2015 -ല്‍ തീവ്രവാദികള്‍ സംസ്ഥാനത്ത് നിന്ന് പിന്‍വാങ്ങിയിരുന്നു.

എന്നാല്‍ പിന്നീടും ഒറ്റപ്പെട്ട ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നെങ്കിലും ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇത്രയും ശക്തമായ ആക്രമണം ഉണ്ടാകുന്നത്. പാശ്ചാത്യ വിദ്യാഭ്യാസം തടയുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനം ആരംഭിച്ച ബോക്കോ ഹറാം തീവ്രവാദികള്‍ നൈജീരിയയില്‍ നിരവധി ബോംബാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.ആഫ്രിക്കന്‍ രാജ്യമായ നൈജീരിയ മേഖലയില്‍ അതിവേഗം വളരുന്ന രാജ്യങ്ങളിലൊന്നാണ്. പക്ഷേ, തുടര്‍ച്ചയായ തീവ്രവാദി ആക്രമണങ്ങളാണ് പുരോഗതിക്ക് തടസം.